ചൈനയുമായി ചേര്‍ന്ന് തിരിച്ചടിക്കാന്‍ സാധ്യത; അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി

indian-army

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്ക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. പടിഞ്ഞാറ് നിന്ന് പാക്കിസ്ഥാനും വടക്ക്, കിഴക്കന്‍ അതിര്‍ത്തികളില്‍നിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കിയത്.

ഇരു രാജ്യങ്ങളില്‍ നിന്നും പ്രത്യാക്രമണം ഉണ്ടാകുകയാണെങ്കില്‍ അതു നേരിടാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പാക്കിസ്ഥാന്‍ ആക്രമണം നടത്തുകയാണെങ്കില്‍ അത് നേരിടാന്‍ പഞ്ചാബിലുള്ള അംബാല, ഹല്‍വാര, ആദംപുര്‍, പഠാന്‍കോട്ട് വ്യോമതാവളങ്ങള്‍ ആണ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. ചൈനയെ നേരിടാന്‍ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കന്‍ വ്യോമസേനാ കമാന്‍ഡും ഒരുങ്ങിക്കഴിഞ്ഞു.

ഏതു സമയവും ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന ഇന്ത്യ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ബങ്കറുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിനു പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ ശക്തമായി നേരിടുന്നതിനുള്ള മിസൈല്‍ കവചവും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ജാഗ്രത ശക്തമാക്കിയതായി സേനാ വൃത്തങ്ങളും അറിയിച്ചു.

Top