നാല് വയസുകാരിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

HEART

താനെ: വിജയകരമായി മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടി പൂര്‍ത്തിയായി. നാല് വയസുകാരിയിലാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡ് മാര്‍ഗവും ആകാശമാര്‍ഗവുമായി 94 മിനിറ്റിനുള്ളില്‍ 323 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഹൃദയം എത്തിയത്.

ഹൃദയവുമായി ഔറംഗാബാദില്‍ നിന്നും മുംബൈ വരെയുളള 323.5 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 34 മിനിറ്റിനുളളില്‍ താണ്ടിയാണ് എത്തിയത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സഭവിച്ച 13കാരന്റെ ഹൃദയവുമായി ഔറംഗബാദിലെ എം.ജി.എം ആശുപത്രിയില്‍ നിന്നും വെളളിയാഴ്ച ഉച്ചക്ക് 1.50നാണ് ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗം നാല് മിനിറ്റ് കൊണ്ട് 4.08 കിലോമീറ്റര്‍ ദൂരം താണ്ടി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

ഇതിനുശേഷം പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘം വൈകുന്നേരം 3.05 ഓടെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. അവിടെ നിന്നും 18 കിലോമീറ്റര്‍ താണ്ടാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വേണ്ടി വന്നത് വെറും 19 മിനിറ്റ് മാത്രമാണ്. അവസാനം 3.24ഓടെ ശസ്ത്രക്രിയക്ക് സജ്ജമായിരുന്ന ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഹൃദയം എത്തിക്കുകയായിരുന്നു.

Top