കൊച്ചിയില്‍ തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരം

കൊച്ചി : എറണാകുളത്തു തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ആദ്യം ആശുപത്രി മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അത് പ്രായോഗികല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

Top