Sureshgopi to Ragyasabha- Mohanlal and Manju Warrier -refused the offer first

ന്യൂഡല്‍ഹി: സുരേഷ് ഗോപിക്ക് രാജ്യസഭയിലേക്ക് നറുക്ക് വീണത് മോഹന്‍ലാലും മഞ്ജു വാര്യരും മുഖം തിരിച്ചപ്പോള്‍.

രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന 12 അംഗങ്ങളില്‍ കലാകാരന്മാരുടെ വിഭാഗത്തില്‍ പരിഗണിക്കുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് നടന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ബിജെപി നേതൃത്വം സമീപിച്ചിരുന്നു.

എന്നാല്‍ ജെഎന്‍യു സമരത്തെ പരാമര്‍ശിച്ച് നടത്തിയ ബ്ലോഗ് എഴുത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിനെതിരെ പരസ്യമായി രംഗത്ത് വരികയും ആരാധകര്‍ക്കിടയില്‍ പോലും അതൃപ്തി രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ലാല്‍ ബിജെപി നേതൃത്വത്തിന്റെ ക്ഷണം നിരസിക്കുകയായിരുന്നു.

മഞ്ജു വാര്യരാകട്ടെ കടുത്ത വിഎസ് ഭക്തയുമാണ്. പ്രതിസന്ധികളില്‍ മുന്നേറാനുള്ള തന്റെ പ്രേരണ വിഎസ് ആണെന്ന് മുന്‍പ് പാലക്കാട്ടെ ഒരു സിപിഎം പരിപാടിയില്‍ വിഎസിനെ സാക്ഷി നിര്‍ത്തി മഞ്ജു വാര്യര്‍ തുറന്നടിച്ചിരുന്നു.

വിഎസിനോടുള്ള ഈ സമീപനം തന്നെയാണ് ബിജെപിയുടെ രാജ്യസഭാ സീറ്റ് ഓഫറിനോട് മുഖം തിരിക്കാന്‍ മഞ്ജു വാര്യരെ പ്രേരിപ്പിച്ചതത്രെ.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തില്‍ നിന്ന് ജനസ്വാധീനമുള്ള താരത്തെ രാജ്യസഭാ അംഗമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വമാണ് തീരുമാനമെടുത്തത്.

ഈ നറുക്കാണിപ്പോള്‍ സുരേഷ് ഗോപിക്ക് വീണിരിക്കുന്നത്.

ബിജെപി പ്രചരണത്തിനായി സംസ്ഥാന വ്യാപകമായി ഇനി സുരേഷ് ഗോപിയെ രംഗത്തിറക്കാന്‍ പറ്റുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം.

നേരത്തെ നല്‍കിയ ഡേറ്റുകള്‍ക്ക് പുറമെ കൂടുതല്‍ സമയം ഇനി ബിജെപി ക്യാംപയിനായി നടന്‍ മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതിലപ്പുറം ചുരുങ്ങിയത് 5 സീറ്റിലെങ്കിലും വിജയിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

Top