സുരേഷ് ഗോപിയുടെ മോഹം പാർട്ടി പ്രസിഡന്റ് പദമല്ല, കേന്ദ്രമന്ത്രി പദമാണ്

കേരളത്തില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് സുരേഷ് ഗോപിയിലൂടെ പുതു ജീവന്‍ നല്‍കാനാണ് നിലവില്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. സുരേഷ് ഗോപിയുടെ സജീവമായ ഇടപെടല്‍ നല്‍കുന്ന സൂചനയും അതു തന്നെയാണ്. അതേസമയം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാവാന്‍ ഇല്ലെന്ന ഉറച്ച നിലപാടിലാണ് സുരേഷ് ഗോപിയുള്ളത്. ഈ പദവിയില്‍ എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും അതല്ലാതെ സിനിമാക്കാരല്ലെന്നും പറയുക വഴി തന്റെ മനസ്സിലിരിപ്പ് കൂടിയാണ് സുരേഷ് ഗോപി പറയാതെ പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമാകുക എന്നതാണ് സുരേഷ് ഗോപിയുടെ പരമ പ്രധാനമായ ലക്ഷ്യം. ബി.ജെ.പി അദ്ദേഹത്തെ എം.പിയാക്കിയപ്പോള്‍ തുടങ്ങിയ മോഹമാണിത്.ഈ മോഹം ബി.ജെ.പി പ്രസിഡന്റ് പദവിയില്‍ ഇരുന്ന് തുലക്കാന്‍ സുരേഷ് ഗോപി എന്തായാലും ആഗ്രഹിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നാളികേര വികസന ബോര്‍ഡ് അംഗമെന്ന പദവിയിലും താരം തൃപ്തനല്ല. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും സുരേഷ് ഗോപി വളരെ നിരാശനായിരുന്നു. സ്വപ്നം കണ്ട പദവിയിലേക്ക് ഇനി എത്ര ദൂരം എന്നതാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി കേരളത്തില്‍ ഇടപെടാന്‍ കേന്ദ്ര നേതൃത്വം പുതിയ ദൗത്യം താരത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ സംബന്ധിച്ച് കേന്ദ്രമന്ത്രി പദത്തിലേക്കുള്ള പിടിവള്ളിയാണിത്. പാലാ വിഷയം മുതല്‍ മൂവാറ്റുപുഴയിലെ കൈവെട്ട് കേസുവരെ വീണ്ടും സജീവമാക്കി നിര്‍ത്താനാണ് സുരേഷ് ഗോപിയിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശവും വ്യക്തമാണ്.

പാലാ ബിഷപിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്നതാണ് സുരേഷ് ഗോപിയുടെ പുതിയ നിലപാട്. ”ഭരണപരമായി സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യുമെന്നു നോക്കട്ടെ” അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ പിന്തുണച്ച ”നാവ് ” ഒറ്റയടിക്ക് മാറ്റിപറഞ്ഞതിന് പിന്നിലും വ്യക്തമായ രാഷ്ട്രീയ അജണ്ടയാണുള്ളത്. മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പിന്തുണയ്ക്കുന്ന സമീപനം ഉണ്ടാകരുതെന്ന് ബി.ജെ.പിയും ശക്തമായ നിര്‍ദ്ദേശം സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരുത്ത്.

ഇടതുപക്ഷത്തിന് ബദല്‍ എന്‍.ഡി.എ എന്ന ബോധം സൃഷ്ടിക്കാന്‍ മുന്നണിയെ ശക്തമാക്കാനും ബി.ജെ.പി ഇതിനകം തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവ സംഘടനകളാണ് കാവി രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ക്രൈസ്തവ വിഭാഗത്തില്‍ പിടിമുറുക്കാന്‍ ശക്തമായ ഇടപെടലാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സഭാ അധ്യക്ഷന്മാരുടെ യോഗവും വിളിക്കുന്നുണ്ട്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യവും അറിയിച്ചിരിക്കുന്നത്. ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ള തുടങ്ങി വച്ചത് സുരേഷ് ഗോപിയിലൂടെ പൂര്‍ത്തീകരിക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഈ യോഗത്തില്‍ ക്രൈസ്തവരുടെ ആകുലതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് ബി.ജെ.പി ഉറച്ചു നില്‍ക്കുന്നത്. ഇക്കാര്യം സുരേഷ് ഗോപിയും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിവാദത്തില്‍ ഇടപെട്ടാല്‍ അത് ആത്യന്തികമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് ആര്‍.എസ്.എസും വിലയിരുത്തുന്നത്. മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി ബദല്‍ സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പായി ബി.ജെ.പിയില്‍ ശക്തമായ അഴിച്ചുപണിയും ഉണ്ടാകും. പല പ്രമുഖരുടെയും കസേരകളും തെറിച്ചേക്കും. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് പിടിക്കുക എന്നതും സംഘപരിവാര്‍ അജണ്ടയാണ്. സുരേഷ് ഗോപിയെ തന്നെ ഈ ചുമതല ഏല്‍പ്പിക്കാനാണ് സാധ്യത.

വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിപദം നല്‍കാനും ബി.ജെ.പി തയ്യാറായേക്കും. ലോകസഭ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് ഒരു സീറ്റും സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ വന്‍ കുതിപ്പും ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വലിയ ഒരു പട തന്നെ എന്‍.ഡി.എയില്‍ എത്തുമെന്നാണ് ബി.ജെ.പി കരുതുന്നത്. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകളില്‍ 5 സീറ്റുകള്‍ പോലും യു.ഡി.എഫിന് ഇത്തവണ കിട്ടില്ലെന്നതാണ് ബി.ജെ.പി കണക്ക് കൂട്ടല്‍. രാഷ്ട്രീയ നിരീക്ഷകരും ഈ കണക്ക് കൂട്ടലില്‍ തന്നെയാണുള്ളത്.

ഇടതുപക്ഷം 15- മുതല്‍ 17 സീറ്റുകള്‍വരെ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫ് തന്നെ പിളരാനാണ് സാധ്യത. വി.ഡി.സതീശനും കെ.സുധാകരനും എല്ലാം പദവികളും രാജിവയ്‌ക്കേണ്ടിവരും. ഈ ഘട്ടത്തില്‍ വിമതരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി കൂടി ഇറങ്ങിയാല്‍ കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി കളിക്കുന്നതും അതിനു വേണ്ടി തന്നെയാണ്.

EXPRESS KERALA VIEW

Top