മാസ് തമ്പാനായി സുരേഷ് ഗോപി; ‘കാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരേഷ് ഗോപിയുടെ കാവലിനായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കസബക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി പ്രേക്ഷകര്‍ക്ക് വിഷുസമ്മാനമായി ഇന്ന് സിനിമയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ നിര്‍മാതാവ് ബോബി ജോര്‍ജ് അറിയിച്ചിരുന്നു.

ഒപ്പം, കാവല്‍ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തുമെന്നും നിര്‍മാതാവ് അറിയിച്ചിരുന്നു. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.ഒരു സിനിമയെന്നതിലുപരി സാമൂഹിക പ്രതിബന്ധത കൂടിയുള്ളതാണ് കാവല്‍ എന്ന ചിത്രം.

കാവല്‍ മുതല്‍ തിയേറ്ററുകളിലെത്തുന്ന ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ചിത്രങ്ങളുടെ ലാഭവിഹിതത്തിന്റെ 10 ശതമാനം കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്ന് ജോബി ജോര്‍ജ്ജ് മുമ്പ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചുകൊണ്ട് അറിയിച്ചിട്ടുണ്ട്.

 

Top