suresh raj purohit – police – son

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരെ സത്യമംഗലം കാട്ടിലേക്കു പരിശീലനത്തിന് അയച്ചു. ഐജിക്കെതിരെ വിഡിയോ പ്രചരിപ്പിച്ചതിനുള്ള പ്രതികാരമാണിതെന്നാണ് ആരോപണം.

പരിശീലനത്തിന് അയച്ച 19 പേരുള്ള സംഘത്തില്‍ ബറ്റാലിയന്‍ അംഗങ്ങള്‍ക്കു പുറമെ അഞ്ചു സിവില്‍ പൊലീസ് ഓഫിസര്‍മാരും ഉണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍മാരെ ഇത്തരം പരിശീലനത്തിന് അയയ്ക്കുന്ന പതിവില്ല. കാടുകളിലും മറ്റും പോരാടുന്നതിനു നിയോഗിക്കപ്പെട്ടവരും കമാന്‍ഡോ പരിശീലനം ലഭിച്ചവരുമായ പൊലീസുകാരെ മാത്രമാണു സാധാരണഗതിയില്‍ സമാനമായ പരിശീലനത്തിന് അയയ്ക്കാറുള്ളത്. ഇതിനുവിരുദ്ധമായി പ്രതികാര നടപടിയുടെ ഭാഗമായി സിവില്‍ പൊലീസുകാരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നെന്നു പറയുന്നു.

നേരത്തെ തീരുമാനിച്ച ലിസ്റ്റിലേക്ക് അവസാന നിമിഷമാണ് ഈ പൊലീസുകാരെ തിരുകിക്കയറ്റിയത്. വിഡിയോ ദൃശ്യങ്ങളുടെ ഉറവിടം തേടി ഐജി പല പൊലീസുകാരെയും രഹസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെയാണ് ഇപ്പോള്‍ സത്യമംഗലം കാട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ ഒരു പൊലീസുകാരന്‍ തനിക്കു ചെങ്കണ്ണ് അസുഖമുണ്ടെന്നു പറഞ്ഞിട്ടും പരിശീലനത്തില്‍നിന്ന് ഒഴിവാക്കിയില്ല.

ഈസ്റ്റര്‍ പ്രമാണിച്ചു പരിശീലനത്തില്‍നിന്ന് ഒഴിവാക്കണമെന്ന ക്രിസ്തുമത വിശ്വാസികളായ പൊലീസുകാരുടെ അഭ്യര്‍ഥനയും സ്വീകരിച്ചിട്ടില്ല. ഐജിയുടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ ഔദ്യോഗിക വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവാദമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. കേസെടുക്കാന്‍ ആവശ്യപ്പെട്ടു വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഐജി ഹൈക്കോടതിയില്‍നിന്നു സ്റ്റേ വാങ്ങി.

ഐജിക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ജുവനൈല്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. കോടതി ഉത്തരവു ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണു വിയ്യൂര്‍ പൊലീസിന്റെ വിശദീകരണം. കേസെടുക്കുന്നതു സംബന്ധിച്ചു വിയ്യൂര്‍ പൊലീസ് മേലുദ്യോഗസ്ഥരോടു നിയമോപദേശം തേടിയെങ്കിലും കേസെടുക്കേണ്ടതില്ല എന്ന നിര്‍ദേശമാണു മുകളില്‍നിന്ന് ഉണ്ടായതെന്നു പറയുന്നു

Top