സുരേഷ് റെയ്നയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ; ആറ് ആഴ്ചത്തെ വിശ്രമം അറിയിച്ച് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നക്ക് ശസ്ത്രക്രിയ. വെള്ളിയാഴ്ച ആസ്റ്റര്‍ഡാമില്‍ വച്ചാണ് കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായത്.

ട്വിറ്ററിലൂടെ ബി.സി.സി.ഐയാണ് ചികിത്സയിലുള്ള താരത്തിന്റെ ചിത്രം പങ്ക് വച്ചത്. റെയ്നയ്ക്ക് ആറാഴ്ചത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. എച്ച്. വാന്‍ ഡെര്‍ ഹോവെന്‍ അറിയിച്ചു. ഇതോടെ ഈ ആഭ്യന്തര ക്രിക്കറ്റ് സീണിലെ നല്ലൊരു ഭാഗവും റെയ്‌നക്ക് നഷ്ടമാവും.

ഏതാനും മാസങ്ങളായി മുട്ടുവേദന അനുഭവിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് താരം കൂടിയായ റെയ്ന മെയ്യില്‍ ഐ.പി. എല്ലിനുശേഷം മത്സര രംഗത്ത് സജീവമായിരുന്നില്ല. 2018 ജൂലൈയില്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏക ദിനമായിരുന്നു അവസാനം കളിച്ച അന്തര്‍ദേശീയ മത്സരം. 2010 ജൂലായ്ക്കുശേഷം ടെസ്റ്റും കളിച്ചിട്ടില്ല.

ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടിട്വന്റിയും കളിച്ച താരമാണ് റെയ്ന. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ടെസ്റ്റില്‍ ഒരു സെഞ്ച്വറി അടക്കം 768 ഉം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടക്കം 5615 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്.

Top