സുരേഷ് റെയ്‌ന ഐപിഎല്‍ മതിയാക്കുന്നതായി സൂചന

ചെന്നൈ: സുരേഷ് റെയ്‌ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത് മതിയാക്കി വിദേശ ടി20 ലീഗുകളില്‍ കളിക്കാനാണ് റെയ്‌നയുടെ ശ്രമമെന്ന് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം റെയ്‌ന ബിസിസിഐയെയും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞാനെന്‍റെ തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും ബിസിസിഐ സെക്രട്ടറി ജയ് ഷായേയും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് അസോസിയേഷനില്‍ നിന്ന് എന്‍ഒസി ലഭിച്ചിട്ടുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാന്‍ ഞാനിപ്പോള്‍ തയ്യാറാണ്. എനിക്ക് രണ്ടുമൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തര്‍പ്രദേശ് ക്രിക്കറ്റില്‍ ഭാവിവാഗ്‌ദാനങ്ങളായ യുവ താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്’ എന്നും റെയ്‌ന പറഞ്ഞതായി ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 10 മുതല്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സുരേഷ് റെയ്‌ന കളിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും റെയ്‌ന തീരുമാനം കൈക്കൊണ്ടിട്ടില്ല. സുരേഷ് റെയ്‌ന പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ താരം മടങ്ങിവരവിന് തയ്യാറെടുക്കുന്നു എന്ന് വ്യക്തമായിരുന്നു.

Top