‘ഞാന്‍ ചാണകമല്ലേ’; ഇ ബുള്‍ ജെറ്റ് ഫോണ്‍ കോളില്‍ സുരേഷ് ഗോപിയുടെ പ്രതികരണം

ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്തതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിളിച്ച പരാതിക്കാരന്, എംപിയും നടനുമായ സുരേഷ് ഗോപി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ.. ഞാന്‍ ചാണകമല്ലേ എന്ന പ്രതികരണമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇ ബുള്‍ ജെറ്റെന്ന് പറയുമ്പോള്‍ എന്താണ് വിഷയമെന്ന് തുടക്കത്തില്‍ സുരേഷ് ഗോപിക്ക് മനസ്സിലാവുന്നില്ല. പിന്നീട് പ്രശ്നമെന്താണെന്ന് ഇ ബുള്‍ ജെറ്റ് ആരാധകര്‍ വിശദീകരിക്കുമ്പോള്‍ ‘നേരെ മുഖ്യമന്ത്രിയോട് പറയൂ, പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ,’ എന്ന് സുരേഷ് ഗോപി പറയുന്നു.

സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ചോദ്യത്തിന് ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേ, ചാണകം എന്ന് കേട്ടാലേ അലര്‍ജി അല്ലേ’ എന്നും അദ്ദേഹം പറയുന്നു. ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പെരുമ്പാവൂരില്‍ നിന്നുള്ള ആരാധകരാണ് വ്‌ളോഗര്‍മാരുടെ അറസ്റ്റില്‍ ഇടപെടണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്.

വണ്ടി മോഡിഫൈ ചെയ്തതിന് ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് അറസ്റ്റ് ചെയ്തെന്ന് അവര്‍ എംപിയോട് വിശദീകരിക്കുന്നു. നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ, കേരളത്തിലല്ലേ സംഭവം. അവിടുത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ വരുന്നതാണെന്നും താരം വിശദീകരിക്കുന്നു.

അതേസമയം, ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് വലിയ ചര്‍ച്ചയാവുകയാണ്. പൊലീസിന്റെ അധികാരദുര്‍വിനിയോഗമാണ് സംഭവത്തിന് പിന്നിലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, നികുതി അടയ്ക്കാത്തതിനും വണ്ടി മോഡിഫൈ ചെയ്തതിനുമാണ് കേസ് എടുത്തതെന്നും നിയമത്തിന് സാധാരണക്കാരനും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെയാണെന്നും സമൂഹമാധ്യമങ്ങളിലെ സംവാദങ്ങള്‍ പറയുന്നു.

 

Top