Suresh Gopi’s RajyaSabha nomination is disrupted Thushar’s way ?

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും തിരഞ്ഞെടുപ്പ് വിധി അഗ്നിപരീക്ഷണമാകും.

ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നാലും ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വിജയിക്കുകയോ അതല്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് പോലും എത്തുകയോ ചെയ്തില്ലെങ്കില്‍ ബിജെപി ‘വിജയത്തില്‍’ അവകാശമുന്നയിക്കാന്‍ പറ്റില്ലെന്നതാണ് വെള്ളാപ്പള്ളിയുടേയും സംഘത്തിന്റെയും ഉറക്കം കെടുത്തുന്നത്.

നടന്‍ സുരേഷ് ഗോപിയെ അപ്രതീക്ഷിതമായി ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാംഗമാക്കാന്‍ ശുപാര്‍ശ ചെയ്തതും വെള്ളാപ്പള്ളിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് വിവരം.

ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നാല്‍ അതിന്റെ മറ പിടിച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രസഹമന്ത്രിയാക്കാനുള്ള നീക്കം ഇനി നടക്കുമോ എന്നതാണ് ആശങ്കക്ക് കാരണമത്രെ.

നിലവില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി തലശ്ശേരി സ്വദേശി റിച്ചാര്‍ഡ് ഹേയെ കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സാഹചര്യത്തില്‍ കലാവിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും സുരേഷ് ഗോപിയേയും ഇപ്പോള്‍ പരിഗണിച്ചതിനാല്‍ മൂന്നാമനായി തുഷാറിന് ഇനി സാധ്യത വളരെ കുറവാണെന്നാണ് രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെ എങ്ങാനും ഒരുനീക്കം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയാല്‍ സംസ്ഥാനത്തെ ബിജെപിയില്‍ കലാപം നടക്കുമെന്നാണ് വിലയിരുത്തല്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാത്തത് സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തിക്ക് കാരണമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ ആര്‍ക്കെങ്കിലും കേന്ദ്രമന്ത്രി പദവി ലഭിക്കുമെന്ന കണക്ക്കൂട്ടലില്‍ കൂടിയാണ് ബിജെപി അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.

ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ബിഡിജെഎസിന്റെ പിന്‍തുണ കൊണ്ടല്ല സംഘ്പരിവാറിന്റെ ശക്തി കൊണ്ടാണ് നേട്ടമുണ്ടാക്കിയതെന്ന് കാണിക്കാന്‍ ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രകടനം ‘മോശമാകേണ്ടത്’ സംസ്ഥാന ഘടകത്തിന്റെ ആവശ്യമായതിനാല്‍ പാലം വലിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ നിഗമനം.

സംസ്ഥാനത്ത് 37 മണ്ഡലങ്ങളിലാണ് ബിജെപി ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ സുഭാഷ് വാസുവാണ് ഇവരില്‍ പ്രമുഖന്‍.

സുഭാഷ് വാസു മത്സരിക്കുന്ന കുട്ടനാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ പറ്റിയില്ലെങ്കില്‍ നാണക്കേടാവുമെന്നാണ് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരും പറയുന്നത്.

Top