മമ്മുട്ടി ഇന്നസെന്റിനു വേണ്ടി കാണിച്ചത് ചങ്കൂറ്റം; ലാലിന് ഇല്ലാത്തതും അത് തന്നെ !

ടന്‍ മോഹന്‍ലാല്‍ ചെയ്ത ചതി ഓര്‍ത്ത് രോഷാകുലരായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍. അവസാന നിമിഷമെങ്കിലും ലാല്‍ സുരേഷ് ഗോപിക്കു വേണ്ടി രംഗത്തിറങ്ങുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ലാല്‍ മുങ്ങിക്കളയുകയായിരുന്നു.

ചാലക്കുടിയില്‍ നിന്നും മത്സരിക്കുന്ന നടന്‍ ഇന്നസെന്റിനു വേണ്ടി മമ്മുട്ടി വോട്ട് ചോദിച്ച് രംഗത്തിറങ്ങിയിട്ടും സുരേഷ് ഗോപിക്ക് വേണ്ടി ഒരു സൂപ്പര്‍ താരവും ഇറങ്ങിയില്ല. നടന്‍ ബിജുമേനോന്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സൗഹൃദ സംഗമത്തില്‍ പങ്കെടുത്തതിന് പോലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഇവിടെയും മമ്മുട്ടി സെയ്ഫായിരുന്നു. ആരും അദ്ദേഹത്തിനെതിരെ കടന്നാക്രമണത്തിന് തുനിഞ്ഞിരുന്നില്ല.

സംഘപരിവാര്‍ സംഘടന സേവാഭാരതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കാതിരുന്നത് നീതികേടാണെന്നാണ് സിനിമാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മമ്മുട്ടി ഇന്നസെന്റിനു വേണ്ടി വോട്ട് ചോദിച്ചതില്‍ തെറ്റില്ലങ്കില്‍ സുരേഷ് ഗോപിക്കു വേണ്ടി മോഹന്‍ലാല്‍ വോട്ട് ചോദിക്കുന്നതിലും തെറ്റില്ലെന്നാണ് ഈ വിഭാഗത്തിന്റെ വാദം. കേന്ദ്ര സര്‍ക്കാറില്‍ നിന്നും ‘ആനുകൂല്യങ്ങളും’ മറ്റും നേടിയെടുത്ത് ഒടുവില്‍ മുഖം തിരിച്ച ലാല്‍ നന്ദികേടാണ് കാണിച്ചതെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകരിലും ശക്തമാണ്.

മമ്മുട്ടിയേയും മോഹന്‍ലാലിനേയും പോലെ തന്നെ ഏറെ കാലം സൂപ്പര്‍സ്റ്റാര്‍ പട്ടം അലങ്കരിച്ച സുരേഷ് ഗോപിയെ താമര ഉയര്‍ത്തിപ്പിടിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഭ്രഷ്ട് കല്‍പ്പിക്കുന്നതിന് തുല്യമാണ് ഈ അവഗണനയെന്നാണ് ആക്ഷേപം.

ഇന്നസെന്റിനു വേണ്ടി ചുവപ്പ് സ്‌നേഹം തുറന്ന് പ്രകടിപ്പിക്കാന്‍ മടിക്കാതിരുന്ന മമ്മുട്ടിയുടെ ചങ്കൂറ്റത്തിനാണ് ഇപ്പോള്‍ എതിരാളികള്‍ പോലും കയ്യടിക്കുന്നത്.

മോഹന്‍ലാലിന് ഇല്ലാതെ പോയ നട്ടെല്ല് മമ്മുട്ടിക്ക് ഉള്ളത് കൊണ്ടാണ് പരസ്യമായി ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നത്.

മോഹന്‍ലാല്‍ ആവട്ടെ സിനിമാ ഡയലോഗ് പോലെ ഇപ്പോള്‍ വരും, ഇതാ വന്നു എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കി പതുക്കെ തല ഊരുകയായിരുന്നു.

അവസരവാദിയായ മോഹന്‍ലാലിനെ ഇനി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാഠം പഠിപ്പിക്കണമെന്ന വികാരത്തിലാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവാനുള്ള നിര്‍ദ്ദേശം തള്ളിയതിനേക്കാള്‍ ബി.ജെ.പിയെ പ്രകോപിപ്പിച്ചത് സുഹൃത്തായ സുരേഷ് ഗോപിയോട് കാട്ടിയ നീതികേടാണ്.

നടനായ കെ.ബി ഗണേഷ് കുമാര്‍ ഇടതു സ്വതന്ത്രനായി പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ പരസ്യമായി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത ലാലിന്റെ നടപടി ഉയര്‍ത്തിയാണ് ഇപ്പോള്‍ വിമര്‍ശനവും കടുക്കുന്നത്.

ആനക്കൊമ്പ് കേസില്‍ പിണറായി സര്‍ക്കാര്‍ അകത്തിടുമെന്ന് പേടിച്ചിട്ടാണ് പിന്‍മാറ്റമെങ്കില്‍ ഇനിയും ലാല്‍ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പുകള്‍ സംബന്ധിച്ചും കള്ളപ്പണ ഇടപാടുകളെ കുറിച്ചും മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അന്വേഷിക്കണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വത്തില്‍ തന്നെ ശക്തമാണ്.

ജീവന്‍മരണ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന സമയത്ത് പോലും തിരിഞ്ഞ് നോക്കാത്തവരെ ഒരു കാരണവശാലും സഹായിക്കേണ്ട ആവശ്യമില്ലന്ന നിലപാട് ബി.ജെ.പി ദേശീയ നേതൃത്വവും ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്.

വൈകി വന്നിട്ടും സുരേഷ് ഗോപി തൃശൂരില്‍ വലിയ ഓളം ഉണ്ടാക്കിയതായാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. മോഹന്‍ലാല്‍ പരസ്യമായി സുരേഷ് ഗോപിയെ പിന്തുണക്കുക കൂടി ചെയ്തിരുന്നു എങ്കില്‍ വിജയം സുനിശ്ചിതമായേനേ എന്നാണ് കാവിപ്പടയുടെ അവകാശവാദം.

മമ്മുട്ടി ഇന്നസെന്റിനു വേണ്ടി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ രംഗത്തിറങ്ങിയാലും വലിയ എതിര്‍പ്പുണ്ടാകുമായിരുന്നില്ല . എന്നാല്‍ മുങ്ങിയിതിലൂടെ ഒരുവിഭാഗത്തിന്റെ ശത്രുതയും ലാല്‍ ഇപ്പോള്‍ വാങ്ങിവെച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഇരട്ടത്താപ്പ് നിലപാടില്‍ സുരേഷ് ഗോപിക്കും കടുത്ത അതൃപ്തിയുണ്ട്.

അതേസമയം സുരേഷ് ഗോപി രണ്ടാം സ്ഥാനം പിടിച്ചാല്‍ പോലും മോദി രണ്ടാമതും അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. സുരേഷ് ഗോപിയുടെ രാജ്യസഭയിലെ കാലാവധി 2022 ലാണ് അവസാനിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നും സുരേന്ദ്രനും തിരുവനന്തപുരത്ത് നിന്നും കുമ്മനവും വിജയിച്ചാലും കേന്ദ്രമന്ത്രിമാരാവാന്‍ സാധ്യത ഉണ്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തിന് രാജ്യസഭയില്‍ കാലാവധി ഇനിയും ഉണ്ടെങ്കിലും രണ്ടാം വട്ടം അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം .കേരളത്തില്‍ നിന്നും രണ്ടോ മൂന്നോ സീറ്റുകളാണ് ഇത്തവണ ബി.ജെ.പി ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രത്യേകം താല്‍പ്പര്യമെടുത്താണ് സുരേഷ് ഗോപിയെ തൃശൂരില്‍ നിയോഗിച്ചിരുന്നത്. മോഹന്‍ലാല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന ഉറപ്പും ബി.ജെ.പി നേതാക്കള്‍ക്ക് ലഭിച്ചിരുന്നു.എന്നാല്‍ സിനിമയിലെ പോലെ തന്നെ നല്ല അഭിനയമായിരുന്നു അതെന്ന് ഇപ്പോഴാണ് കാവിപ്പടക്ക് മനസ്സിലായത്. എല്ലാ അഭിനയവും പത്മ അവാര്‍ഡിനു വേണ്ടി മാത്രം ആയിരുന്നുവോ എന്ന സംശയം മാത്രമാണ് ഇനിയും അവശേഷിക്കുന്നത്.


Express Kerala View

Top