പ്രിയപ്പെട്ട ഇക്കക്ക് പിറന്നാള്‍ ആശംസയേകി സുരേഷ് ഗോപി

ന്യൂഡല്‍ഹി, മനു അങ്കിള്‍, ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, ധ്രുവം, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സൂപ്പര്‍ താരസാന്നിധ്യങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. കുറ്റാന്വേഷണത്തില്‍ സഹചാരിയായും, കലക്ടറും കമ്മീഷണറുമായും, ചന്തുവായും ആരോമല്‍ ചേകവരായും, മനു അങ്കിളും മിന്നല്‍ പ്രതാപനായും വെള്ളിത്തിരയില്‍ ഒന്നിച്ച പ്രതിഭാധനന്മാര്‍.

ഇന്ന് സപ്തതി നിറവില്‍ സര്‍വകാല പുതുമുഖമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുമ്പോള്‍, പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാള്‍ ആശംസ അറിയിക്കുകയാണ് സുരേഷ് ഗോപി.

‘യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടന്‍! ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇക്കാ,’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. എന്നും അഭിവൃദ്ധിയോടെ ജീവിക്കട്ടെ എന്നാണ് സുരേഷ് ഗോപി ആശംസയില്‍ പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രവും സുരേഷ് ഗോപി പങ്കുവച്ചു. മമ്മൂട്ടി നായകനായ ആക്ഷന്‍ ചിത്രം മാസ്റ്റര്‍പീസില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും നിര്‍ണായകവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

Top