തൃശൂര്‍:ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊട്ടു എന്ന പേരില്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. ഗര്‍ഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്ന് പറഞ്ഞ സുരേഷ് ഗോപി ആ ഇഷ്ടത്തിന് പിന്നിലുളള കാരണവും വ്യക്തമാക്കി.
‘ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ..’സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ വെച്ച് നടന്ന തെരഞ്ഞെടെുപ്പ് റാലിക്കിടെയാണ് തന്നെ കാണാനെത്തിയ ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് സുരേഷ് ഗോപി അനുഗ്രഹിച്ചത് ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്നേഹം നിറഞ്ഞ പ്രവൃത്തി എന്ന് പലരും അതിനെ വാഴ്ത്തിയപ്പോള്‍ ചിലകോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നു.