തിരുവനന്തപുരം വിമാനത്താവളം; വിമർശനങ്ങൾ കത്തി നശിക്കും! അദാനിക്കൊപ്പം സുരേഷ് ഗോപി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയില്‍ അനുകൂല പ്രതികരണവുമായി സുരേഷ് ഗോപി എം.പി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് കൈമാറിയത്. ഇതുവഴി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജനങ്ങള്‍ വിമാനത്താവളം ഉപയോഗിക്കുമ്പോള്‍ അവരുടെ യാത്രയിലുള്ള ക്ലേശങ്ങള്‍ കുറയ്ക്കാന്‍ ആര്‍ക്ക് സാധിക്കും? ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറഞ്ഞു പോകാം. പറഞ്ഞു പോകാനെ പറ്റൂ. അതല്ലല്ലോ സത്യാവസ്ഥ? ക്ലിപ്തമായ ഒരു സമയത്തേക്ക് നടത്തിപ്പ് മാത്രമാണ് കൈമറിയത്. അതില്‍ ജനങ്ങള്‍ക്ക്, വിമാനത്താവളം ഉപയോഗിക്കുന്നവര്‍ക്ക് തൃപ്തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍ ഈ വിമര്‍ശനം ഒക്കെ കത്തിനശിക്കും’.

കോവിഡിന് ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയത്ത് രണ്ട് മൂന്ന് മാസം എമിറേറ്റ്സും എത്തിഹാദുമൊന്നും തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വിമാനത്താവളമാണിത്. 1932ല്‍ കേണല്‍ ഗോദര്‍മ രാജ തുടങ്ങിവെച്ചതാണ്. അന്നിത് ഇത് ലാഭകരമാകുമോ എന്ന് ടാറ്റ സണ്‍സ് ചോദിച്ചപ്പോള്‍ നഷ്ടം നികത്തിക്കോളാം എന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച എയര്‍പോര്‍ട്ടാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങള്‍ ഒരു കാലഘട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സേവന രീതികള്‍ വരട്ടെ. അതില്‍ ആര്‍ക്കാണ് ഒരു സുഖമില്ലായ്മയുള്ളത്. മുംബൈ വിമാനത്താവളമോ, ഡല്‍ഹി വിമാനത്താവളമോ സ്വീകരിക്കുന്ന രീതിയില്‍ യാത്രക്കാരെ സ്വീകരിക്കണം. വീടെത്തുക എന്നതാണ് യാത്രക്കാരുടെ ആവശ്യം. അതില്‍ ക്ലേശങ്ങള്‍ ഉണ്ടാകും. അത് ഇല്ലാതാക്കുക എന്ന് ഒരുകാലത്തും നടക്കില്ല. അത് ഒരു ഭാരമായി അനുഭവത്തില്‍ വന്നുകൊണ്ടിരിക്കരുത്. അക്കാര്യത്തില്‍ തീര്‍ച്ചയായും മാറ്റം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Top