Suresh gopi – politics – election

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭയിലേക്ക് നാമനിര്‍േദശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടന്‍ സുരേഷ് ഗോപി. നമ്മുടെ പ്രധാനമന്ത്രി നിര്‍ദേശിച്ചു എന്നല്ലാതെ ഇതില്‍ രാഷ്ട്രീയമില്ല.

എംപി ആയാല്‍ വറ്റി വരളുന്ന നദികളുടെ വീണ്ടെടുപ്പിനാണ് മുഖ്യപരിഗണന നല്‍കുക. തിരുവനന്തപുരത്തുനിന്നാണ് ഇതിന് തുടക്കമിടുക. പുതിയ ദൗത്യം ഏല്‍പിച്ചതാണ്.

പുതിയ പ്രവണതകള്‍ക്ക് തുടക്കമിടും. 25 വര്‍ഷത്തിന് അപ്പുറം നമ്മുടെ സംസ്ഥാനം, രാജ്യം എന്തായിരിക്കണമെന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ചോദ്യങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തെപ്പറ്റി തുറന്നു പറഞ്ഞു. കഴിയുന്നത്ര മണ്ഡലങ്ങളില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കും. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്നു പറഞ്ഞത്. എന്റെ മനസിന് ഇഷ്ടപ്പെട്ട ഒരു ദൗത്യം ഏറ്റെടുത്തിരിക്കുന്നു.

140 മണ്ഡലങ്ങളില്‍ പോകാന്‍ സാധിക്കില്ല. എന്നാല്‍ കഴിയുന്നത്ര മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. രാഷ്ട്രീയമല്ല രാഷ്ട്രനന്മയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിന് പുതിയ ഒരു എഴുത്ത് വേണം.

അത് യുവജനത ആഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

സുരേഷ് ഗോപിയുടെ നാമനിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപിയുട മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പ്രതികരിച്ചു.
രാഷ്ട്രപതി നേരിട്ട് നാമനിര്‍ദേശം നടത്തുന്ന പ്രമുഖരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുക.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നില്ല. കേരളത്തിനുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് എംപി സ്ഥാനമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു

Top