ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും കരുത്തനായ താരമായിരുന്നു സുരേഷ് ഗോപി ഏകലവ്യനും കമ്മീഷണറും എല്ലാം അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ കൂട്ടിയ സിനിമകളാണ്. പൊലീസ് വേഷം അവതരിപ്പിക്കാന്‍ സുരേഷ് ഗോപിക്കും മമ്മുട്ടിക്കും മീതെ മറ്റൊരു താരവുമില്ലന്ന രൂപത്തിലുള്ള ചര്‍ച്ചകള്‍ ഒക്കെ അക്കാലത്ത് ഏറെ സജീവവുമായിരുന്നു. പിന്നീട് മറ്റു ജനപ്രിയ സീനിമകളിലൂടെ സ്ത്രീ പ്രേക്ഷകരുടെ മനം കവരാനും സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ സൂപ്പര്‍സ്റ്റാര്‍ ഇടത്തില്‍ നിന്നും സുരേഷ് ഗോപി ഔട്ടായി പോകാന്‍ പ്രധാനകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ്. പ്രേംനസീറിനു ശേഷം തന്റെ രാഷ്ടീയം തുറന്നു കാട്ടാന്‍ ചങ്കൂറ്റം കാണിച്ച താരമാണ് സുരേഷ് ഗോപി. ഇതുമൂലം രാജ്യസഭ എം.പിയാവാനും പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കിടയില്‍ അടുത്ത സൗഹൃദം ഉണ്ടാക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയെ വളര്‍ത്തി വലുതാക്കിയ സിനിമ മേഖലയില്‍ അദ്ദേഹം അപ്രസക്തമായി പോകുകയാണുണ്ടായത്. ഒരു തിരിച്ചു വരവിന് ‘കാവല്‍’ സിനിമയിലൂടെ അദ്ദേഹം ശ്രമിച്ചെങ്കിലും ആ ശ്രമവും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇതിനു ശേഷം ‘പാപ്പനിലൂടെയാണ്’ സുരേഷ് ഗോപി ശക്തമായ തിരിച്ചു വരവിന് ശ്രമിച്ചിരിക്കുന്നത്. അതും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും സംശയം ഏറെയാണ്.
14 കോടിയോളമാണ് ‘പാപ്പന്’ നിര്‍മ്മിക്കാന്‍ ചിലവിട്ടിരിക്കുന്നത്. വിതരണത്തിനും പരസ്യത്തിനും കൂടി ചുരുങ്ങിയത് ഒന്നരക്കോടിയോളമാണ് ചിലവ് വന്നിരിക്കുന്നത്. അതായത് പതിനഞ്ചരകോടിയില് അധികം ബഡ്ജറ്റായി എന്നര്‍ത്ഥം. സാറ്റ് ലൈറ്റ് – ഒ.ടി.ടി ഓവര്‍സീസ് വകയില്‍, 8കോടി ലഭിച്ചാല്‍ തന്നെ മുടക്കുമുതലിന് ഇനി ഏഴുകോടി രൂപയോളം ലഭിക്കേണ്ടതുണ്ട്. അത് ലഭിച്ചില്ലങ്കില്‍ പാപ്പനും’ ട്രാജഡിയായി മാറും. ഒരു സിനിമയും പരാജയപ്പെടരുത് എന്നതു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍, കഥയില്‍ പുതുമയില്ലങ്കില് എത്ര നല്ല സംവിധായകര്‍ സംവിധാനം ചെയ്താലും സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ചാലും അത്തരം സിനിമകള്‍ പരാജയപ്പെടുമെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍, ഇന്ന് ഇന്ത്യന്‍ സിനിമയില്‍ സകല കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം ദളപതി വിജയ് ആണ്. ആരാധകരെ പോലും തൃപ്തിപ്പെടുത്താത്ത ‘ബീസ്റ്റ്” എന്ന അദ്ദേഹത്തിന്റെ സിനിമ നേടിയിരിക്കുന്നത് 250 കോടിയാണ്. മറ്റു ഒരു ഇന്ത്യന്‍ താരത്തിനും ഇത്തരമൊരു നേട്ടം അവകാശപ്പെടാന്‍ കഴിയുകയില്ല. ഷാരൂഖ് ഖാനും ,സല്മാന് ഖാനും, അമീര്‍ഖാനും മുതല്‍ രജനീകാന്തും മഹേഷ് ബാബുവും പ്രഭാസും വരെ ഏത് സൂപ്പര്‍ താരങ്ങളെ എടുത്താലും കഥ പാളിയാല്‍ ഇവരുടെ സിനിമകളും എട്ടുനിലയില്പൊട്ടും അതാണ് ചരിത്രവും. ഇവിടെയാണ് പുതിയ കാലത്ത് വിജയ് വേറിട്ടു നില്‍ക്കുന്നത്.
സുരേഷ് ഗോപിയെ സംബന്ധിച്ച് രാജ്യസഭ അംഗമെന്ന കാലാവധി കഴിഞ്ഞതിനാല്‍ ഇനി സിനിമയില്‍ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നഷ്ടപ്പെട്ട താരപദവിയില്‍ സുരേഷ് ഗോപി എത്തണമെന്നതാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്. തൃശൂര്‍ ലോകസഭ മണ്ഡലം പിടിച്ചെടുക്കാന്‍ സുരേഷ് ഗോപിക്ക് സൂപ്പര്‍താരപട്ടം അനിവാര്യമാണെന്നതാണ് പരിവാര്‍ സംഘടനകളുടെയും വിലയിരുത്തല്‍.
മുന്‍കാലങ്ങളില്‍ ജാതി-മത രാഷ്ട്രീയ കക്ഷിഭേദമന്യേ സുരേഷ് ഗോപിക്ക് വന്‍തോതില്‍ ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രവേശനത്തോട് കൂടി ഇതില്‍ വലിയ തോതിലുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ആഘോഷമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് സംഘപരിവാര്‍ അനുകൂലികളാണ്. ഈ ‘പരിമിതിക്ക് ‘ പുറത്തു കടക്കാനാണ് സുരേഷ് ഗോപി ‘പാപ്പന്’ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ സംവിധായകനായ ജോഷിയെ കൊണ്ടു തന്നെ ‘പാപ്പന്’ സംവിധാനം ചെയ്യിപ്പിച്ചതും വ്യക്തമായ കണക്കുകൂട്ടലിലൂടെയാണ്. തീര്‍ച്ചയായും അടുത്ത കാലത്തിറങ്ങിയ സുരേഷ് ഗോപി സിനിമയേക്കാളും ഭേദപ്പെട്ട സിനിമ തന്നെയാണിത്. എന്നാല്‍, സൂപ്പര്‍ഹിറ്റ് സിനിമ എന്ന തരത്തിലൊന്നും വിലയിരുത്താന്‍ ആയിട്ടില്ല. സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂകളും വ്യാപകമാണ്. ‘ഇതിനു പിന്നില്‍ ചില മതഭ്രാന്തന്മാര് ആണെന്നാണ്” സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. ‘രാഷ്ട്രീയത്തിലെ തന്നെ മത അന്ധത കയറി കക്കാനും മോഷ്ടിക്കാനും ഈ രാജ്യത്തെ കയ്യില്‍ കിട്ടില്ലാന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരാണ് തനിക്കെതിരെയും തന്റെ സിനിമക്കെതിരെയും തിരിയുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതൊന്നും തന്നെ സിനിമയില്‍ ഏശില്ലന്നതും സുരേഷ് ഗോപിയുടെ ബോധ്യമാണ്. എന്നാല്‍, യാഥാര്‍ത്ഥ്യം ഇതിനും എത്രയോ അകലെയാണ്. സുരേഷ് ഗോപി എന്ന നടനെ നെഞ്ചേറ്റിയ നല്ലൊരു വിഭാഗം ഇന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. അതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതിനു പിന്നില്‍ തീര്‍ച്ചയായും സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പാണ് പ്രധാനമായും ഉള്ളത്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് സുരേഷ് ഗോപിക്ക് തിരിച്ചടിയായിരിക്കുന്നത്.
മോഹന്‍ലാല്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും അദ്ദേഹം തന്റെ രാഷ്ട്രീയം ഇതുവരെ തുറന്നു പറയുകയോ അതിനു വേണ്ടി പ്രവര്‍ത്തിക്കുകയോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല. മമ്മുട്ടിക്കും ഉണ്ട് രാഷ്ട്രീയം അതാകട്ടെ കമ്യൂണിസ്റ്റുകളുടെ കൂടി രാഷ്ട്രീയമാണ്. എന്നാല്‍, ‘ അദ്ദേഹവും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടില്ല. ഒരു എതിര് രാഷ്ട്രീയക്കാരനെയും എതിര്‍ത്തിട്ടുമില്ല. അതേസമയം, മോഹന്‍ലാലും മമ്മുട്ടിയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിട്ടുമുണ്ട്. അത് താരസംഘടനയിലെ അംഗങ്ങള്‍ക്കു വേണ്ടിയായിരുന്നു. കെ.ബി ഗണേഷു കുമാറിനു വേണ്ടി മോഹന്‍ലാലും ‘ ഇന്നസെന്റിനു വേണ്ടി മമ്മുട്ടിയുമാണ് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്. ഈ താരങ്ങളുടെ പ്രചരണത്തെ ഒരു ഘട്ടത്തിലും എതിര് രാഷ്ട്രീയ നേതൃത്വങ്ങള്‍ പകയോട് കൂടി വീക്ഷിച്ചിട്ടില്ല. ‘സഹപ്രവര്‍ത്തകനു വേണ്ടി ഒരു ശ്രമം’ അങ്ങനെ തന്നെയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രചരണത്തെയും കണ്ടിരുന്നത്.
എന്നാല്‍, സുരേഷ് ഗോപിയുടെ അവസ്ഥ അതല്ല അദ്ദേഹം പരസ്യമായി ബി.ജെ.പിയില്‍ ചേക്കേറുകയാണ് ഉണ്ടായത്. സിനിമയിലെ എന്ന പോലെ മാസ് ഡയലോഗുകളുമായാണ് എതിര് രാഷ്ട്രീയക്കാരെയും സുരേഷ് ഗോപി നേരിട്ടിരുന്നത്. തൃശൂരില്‍ മത്സരിച്ച് തോറ്റെങ്കിലും എതിരാളികളെ അദ്ദേഹം ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. പിന്നീട് ബി.ജെ.പി അദ്ദേഹത്തെ രാജ്യസഭ അംഗമാക്കിയതും കേരളത്തിലെ രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തി തന്നെയാണ്. സംഘ പരിവാര്‍ നിലപാട് മാസ് ഡയലോഗുകളായി പുറത്തു വിടുമ്പോള്‍ അത് രാഷ്ട്രിയത്തിനും അപ്പുറം വ്യക്തിപരമായും തനിക്ക് നഷ്ടമുണ്ടാക്കുമെന്ന യാഥാര്‍ത്ഥ്യമാണ് സുരേഷ് ഗോപി തിരിച്ചറിയാതെ പോയിരിക്കുന്നത്. സുരേഷ് ഗോപി ആഗ്രഹിക്കുന്നതു പോലെ രമേശ് ചെന്നിത്തലമാര്‍ അദ്ദേഹത്തിന്റെ സിനിമയെയും കയ്യടിച്ച് പോത്സാഹിപ്പിച്ചേക്കാം .എന്നാല്‍, സുരേഷ് ഗോപി യോട് മുഖം തിരിക്കുന്ന മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ സിനിമയോടും മുഖം തിരിക്കും. അതാകട്ടെ, അവരുടെ സ്വാതന്ത്ര്യവുമാണ്. സിനിമയെ സിനിമയായി കാണണമെന്ന് സുരേഷ് ഗോപി പറയുന്നത് ശരിയാണ്. എന്നാല്‍, സിനിമ പോലും രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്തുന്ന പുതിയ കാലത്ത് അതിനെ എതിര്‍ക്കുന്നവര്‍ക്കും നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ ചോദ്യം ചെയ്യുന്നതും ശരിയായ നിലപാടല്ല. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി പച്ചയായ കമ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞ സിനിമകളെയും അതില്‍ അഭിനയിച്ച താരങ്ങളെയും നെഞ്ചേറ്റിയ നാടാണിത്. അപ്പോഴൊന്നും ഉണ്ടാവാത്ത ഒരു എതിര്‍പ്പ്
രാഷ്ട്രീയക്കാരനായി എന്നതു കൊണ്ടുമാത്രം സുരേഷ് ഗോപി നേരിടുന്നത് വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ കാവി രാഷ്ട്രീയം വിതച്ച ഭീതിയുടെ കൂടി ഫലമാണ്. അതെന്തായാലും പറയാതിരിക്കാന്‍ കഴിയുകയില്ല.
EXPRESS KERALA VIEW