സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്ന ഒത്തിരി താരങ്ങളുണ്ട്. മലയാളത്തില്‍ അങ്ങനെയുള്ളതില്‍ രണ്ട് മേഖലയും ഒരുപോലെ കൊണ്ടുപോകുന്ന ആളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ രാഷ്ട്രീയ ജീവിതത്തില്‍ മമ്മൂട്ടി നല്‍കിയ ഒരു ഉപദേശത്തെക്കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നെന്ന് പറയുയാണ് സുരേഷ് ഗോപി. മമ്മുട്ടി അങ്ങനെ പറയാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
‘മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെയടുത്ത് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ്’, സുരേഷ് ഗോപി പറയുന്നു
‘പക്ഷേ എനിക്ക് ഇത് ചെയ്യുന്നത് ഇഷ്ടമാണ്. കൊവിഡ് കാലത്തെ എനിക്ക് തരണം ചെയ്ത് വരാന്‍ പറ്റിയെങ്കില്‍ എന്റെ ഒരു ട്രിപ്പിള്‍ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു. എനിക്കത് ചെയ്യാന്‍ കഴിയും. ഞാനത് ചെയ്‌തേ മതിയാവൂ. ഇത്രയും അവസരങ്ങള്‍ കിട്ടി, ആ അനുഭവം ഞാന്‍ നേടിയെങ്കില്‍ ആ മേഖലയില്‍ ഞാനത് വൃഥാവിലാക്കാന്‍ പാടില്ല. ഡോക്ടറേറ്റ് എടുത്ത് വന്നിട്ട് ഞാന്‍ ഹോട്ടല്‍ നടത്താന്‍ പോകുകയാണെന്ന് പറയുന്ന ഏര്‍പ്പാടാണ് അത്.
സിനിമയിലും ട്രിപ്പിള്‍ പിഎച്ച്ഡി അല്ലായിരുന്നോ, പിന്നെന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിക്കുന്നവരുണ്ടാവും. കുറച്ചൊക്കെ നമുക്ക് ജനങ്ങളോടും ഒരു കടപ്പാടും ബഹുമാനവും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരങ്ങളും നമുക്ക് കിട്ടണം. അതെനിക്ക് ധാരാളമായി കിട്ടുന്നുണ്ട്’, സുരേഷ് ഗോപി പറയുന്നു. ഗരുഡനാണ് സുരേഷ് ഗോപിയുടെതായി അടുത്ത് ഇറങ്ങാനുള്‌ള ചിത്രങ്ങളില്‍ ഒന്ന്. ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.