കാര്‍ഷിക നിയമം പിന്‍വലിച്ചത് രാജ്യസുരക്ഷയെ കരുതിയെന്ന് സുരേഷ് ഗോപി എംപി

തിരുവനന്തപുരം: കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ബുദ്ധിമുട്ടുണ്ടായതില്‍ കര്‍ഷകരോട് നരേന്ദ്ര മോദി ക്ഷമ പറഞ്ഞു.

ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കുമെന്നും കര്‍ഷക പ്രതിനിധികളെയും ശാസ്ത്രജ്ഞരെയും കേന്ദ്ര-സംസ്ഥാന പ്രതിനിധികളെയും ഉള്‍പ്പെടുത്തിയായിരിക്കും സമിതി രുപീകരിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു.

Top