ടി ജെ ജോസഫിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; ന്യൂനപക്ഷ കമ്മിഷനംഗമായി പരിഗണിച്ചേക്കും

മൂവാറ്റുപുഴ: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന്‍ ടി.ജെ ജോസഫിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി. ജോസഫിന്റെ മൂവാറ്റുപുഴയിലുള്ള വീട്ടിലേക്കാണ് സുരേഷ് ഗോപിയെത്തിയത്.

ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനംഗമായി പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതേപ്പറ്റി ഇരുവരും പ്രതികരിച്ചിട്ടില്ല.

സൗഹൃദ സന്ദര്‍ശനമായിരുന്നു സുരേഷ് ഗോപിയുടേതെന്നു ടി.ജെ. ജോസഫ് പറഞ്ഞു. വളരെയേറെ കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞതായി ജോസഫ് വ്യക്തമാക്കി. സിനിമാതാരമെന്ന നിലയില്‍ സുരേഷ് ഗോപിയെ കാണാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെപ്പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും സൂചനയുണ്ട്. അടുത്തിടെയാണു ബി.ജെ.പി. വക്താവും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ഇഖ്ബാല്‍ സിങ് ലാല്‍പുരയെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. അതിഫ് റഷീദ് വൈസ് ചെയര്‍മാനായി തുടരുകയാണ്. അഞ്ച് അംഗങ്ങളുടെ ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല. ഈ ഒഴിവുകളിലൊന്നിലേക്ക് ടി.ജെ. ജോസഫിനെ നിയമിക്കുമെന്നാണു സൂചന.

അതേസമയം, സംസ്ഥാനത്ത് ബിജെപിയില്‍ വന്‍ അഴിച്ചുപണികളെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംപിയും നടനുമായ സുരേഷ് ഗോപി വൈകാതെ പാര്‍ട്ടിയെ നയിക്കാന്‍ തലപ്പത്തെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ സൂചന. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തില്‍ നടപ്പിലാക്കേണ്ട ചുമതലകള്‍ സുരേഷ് ഗോപിയെ നേരിട്ട് ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍.

തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ഉടന്‍ ഉണ്ടാവുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ബൂത്ത് തലം മുതല്‍ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട്.

Top