ചരിത്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മികച്ച ഒരാളില്ല; സുരേഷ് ഗോപി

രിത്ര ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മികച്ച നടന്‍ മലയാള സിനിമയില്‍ ഇല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്നും ജ്യേഷ്ഠ സഹോദരനെ പോലെയാണ് തനിക്ക് മമ്മൂക്കയെന്നും താരം പറഞ്ഞു. തനിക്ക് പ്രയാസകരമായ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം തന്നെ വിളിച്ചിട്ടുണ്ടെന്നും ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മമ്മൂട്ടി ചരിത്ര കഥാപാത്രമായി എത്തിയ ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ സിനിമകള്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന താരത്തിന്റെ പുതിയ ചിത്രമാണ് മാമാങ്കം.

ചിത്രത്തില്‍ പടയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Top