കരുവന്നൂരിനെ ‘വളമാക്കി’ താമര വിരിയിക്കാനുള്ള യാത്ര, ബി.ജെ.പിയും നേരിടാൻ തൃശൂരിൽ സി.പി.എം തന്നെ മത്സരിക്കുമോ ?

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂരും മാറും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ കയറിപ്പിടിച്ച് തൃശൂരിൽ താമര വിരിയിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പ്രവചനാതീതമായ ത്രികോണ മത്സരത്തിലേക്ക് തൃശൂരിനെ കൊണ്ടു പോകുന്നത്. തട്ടിപ്പിനെതിരായ സുരേഷ് ഗോപിയുടെ പദയാത്ര അദ്ദേഹത്തിന്റെ തിരത്തെടുപ്പ് പ്രചരണത്തിന്റെ തുടക്കമായാണ് മാറിയിരിക്കുന്നത്. അങ്ങനെ ബി.ജെ.പി മാറ്റി എന്നു തന്നെ പറയേണ്ടി വരും. സൂപ്പർ താരമെന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ ഇമേജ് ഉപയോഗപ്പെടുത്തിയുള്ള പദയാത്ര കാണുവാൻ അനവധി പേരാണ് റോഡിന് ഇരുവശവും തടിച്ചു കൂടിയിരുന്നത്. പ്രധാനമായും സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് യാത്രയിൽ പങ്കെടുത്തവർ ശ്രമിച്ചിരിക്കുന്നത്.

ഒക്ടോബർ 2ന് ഉച്ചയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തിരുന്നത്. തുടർന്ന് 17 കിലോമീറ്റർ ദൂരം സഞ്ചരിച്ച് വൈകീട്ടോടെ തൃശൂർ സഹകരണ ബാങ്ക് പരിസരത്താണ് പദയാത്ര സമാപിച്ചിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള പദയാത്രയിൽ പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും ചില കുടുംബാംഗങ്ങളും പങ്കെടുത്തിട്ടുണ്ട്. കരുവന്നൂർ വിഷയം മാത്രം ഉയർത്തിയാൽ തന്നെ തൃശൂരിൽ അട്ടിമറി വിജയം നേടാൻ കഴിയുമെനാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ആർ.എസ്.എസിന്റെയും സംഘപരിവാർ സംഘടനകളുടെയും കേഡർ സംവിധാനവും സുരേഷ് ഗോപിക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചതും ആർ.എസ്.എസ് പ്രവർത്തകരാണ്. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മാറി നിൽക്കാറുള്ള ആർ.എസ്. എസ് പ്രവർത്തകർ പോലും ഇത്തവണ സജീവമായി രംഗത്തുണ്ടാകുമെന്നാണ് ആർ.എസ്.എസ് നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ സംഘപരിവാർ സംഘടനകൾക്ക് സ്വാധീനമുള്ള പ്രധാന ജില്ല എന്ന നിലയിൽ തൃശൂരിൽ ജയിക്കാൻ ഇത്തവണ സകല അടവുകളും ബി.ജെ.പി പയറ്റും.

തട്ടിപ്പ് കേസിലെ ഇഡി അന്വേഷണവും സി.പി.എം നേതാക്കൾക്കെതിരായ സംഘടിത പ്രചരണവുമെല്ലാം അതു തന്നെയാണ് സൂചിപ്പിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലീംലീഗ് ഇതുവരെ കടുത്ത നിലപാടിലേക്ക് പോയിട്ടില്ല. കോൺഗ്രസ്സ് നേതൃത്വമാകട്ടെ പഴയ വീര്യമൊന്നും ഇപ്പോൾ ഈ വിഷയത്തിൽ കാണിക്കുന്നുമില്ല. യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ പുറത്തുവരുമെന്ന ഭയമാണ് അവരെ പിറകോട്ടടുപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ്സിന്റെ പ്രതിഷേധം അനിൽ അക്കരെയുടെ ആരോപണത്തിൽ മാത്രം ഒതുങ്ങി പോകുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കാണുന്നത്.

ചില പ്രസ്താവനകൾ നടത്തുക എന്നതിലുപരി സർക്കാറിനെതിരെയും സി.പി.എമ്മിനെതിരെയും ബഹുജന പ്രക്ഷോഭം നടത്താൻ യു.ഡി.എഫിനു സാധിച്ചിട്ടില്ല. ഈ അവസരമാണിപ്പോൾ ബി.ജെ.പി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇ.ഡിയെ ഉപയോഗപ്പെടുത്തി അന്വേഷണം ശക്തമാക്കുന്നതോടൊപ്പം തന്നെ പ്രക്ഷോഭത്തിന്റെ പുതിയൊരു പോർമുഖം കൂടിയാണ് ബി.ജെ.പി തുറന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഇതിന്റെയൊരു തുടക്കം മാത്രമാണ്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കും വരെ ഈ വിഷയം സജീവമാക്കി നിർത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. സി.പി.എം വിരുദ്ധരായ കോൺഗ്രസ്സ് അനുഭാവികളുടെ വോട്ടും ഇത്തവണ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സി.പി. എമ്മും രംഗത്തിറങ്ങിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങി കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. കരുവന്നൂർ തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായാണ് സി.പി.എം വിശദീകരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയും അവർ രൂക്ഷ വിമര്‍ശനമാണ് ഉയർത്തിയിരിക്കുന്നത്. “സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നാണ്” സി.പി.എം ആരോപിക്കുന്നത്. ഒറ്റപ്പെട്ട സംഭവം മുൻനിർത്തി സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സി.പി.എം നേതാക്കൾ തുറന്നടിച്ചിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.എം താഴെ തട്ടുമുതൽ പ്രത്യേകയോഗം വിളിച്ചാണ് ബഹുജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ അണികളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച് ഇത്തവണ കൂടുതൽ വലിയ ഉത്തരവാദിത്വമാണ് വന്നു ചേർന്നിരിക്കുന്നത്. തൃശൂരിൽ താമര വിരിഞ്ഞാൽ അതിന്റെ സകല പഴിയും കേൾക്കേണ്ടി വരിക സി.പി.എം മാത്രമാണ്. തൃശൂരിൽ മത്സരിക്കുന്നത് സി.പി.ഐ സ്ഥാനാർത്ഥിയാണെങ്കിലും പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ സി.പി.എമ്മിന്റെ തലയിലാണ് സി.പി.ഐ കെട്ടിവയ്ക്കുക.

കരുവന്നൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന് സീറ്റ് വച്ചുമാറുന്നതാണ് നല്ലതെന്ന അഭിപ്രായവും തൃശൂരിലെ സി.പി.ഐ നേതൃത്വത്തിനുണ്ട്. വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം നൽകിയാൽ തൃശൂർ സീറ്റ് വിട്ടു കൊടുക്കാമെന്ന പ്രപ്പോസൽ ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ നേതൃത്വം അവതരിപ്പിക്കും. ഇതിന് സി.പി.എം വഴങ്ങിയില്ലങ്കിൽ സി.പി.ഐയിലെ വി.എസ് സുനിൽകുമാറിനെ മത്സരിപ്പിക്കാനാണ് സാധ്യത. ഇത്തവണ ഇടതുപക്ഷത്തു നിന്നും കരുത്തനായ ഒരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ്സും പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് എംപിയായ ടി.എൻ പ്രതാപൻ മത്സരിച്ചില്ലങ്കിൽ യുവനേതാവായ വിടി ബൽറാം ആയിരിക്കും കോൺഗ്രസ്സ് സ്ഥാനാർഥി. അനിൽ അക്കരെയുടെ പേരും കോൺഗ്രസ്സിന്റെ പരിഗണനാലിസ്റ്റിലുണ്ട്.

2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എൻ പ്രതാപൻ വിജയിച്ചിരുന്നത്. പ്രതാപന് 4,15,089 വോട്ടുകൾ ലഭിച്ചപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജി മാത്യുവിന് 3,21, 456 വോട്ടുകളാണ് ലഭിച്ചിരുന്നത്. സുരേഷ് ഗോപിക്ക് ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 2,93,822 വോട്ടുകളാണ്. ബി.ജെ.പിക്ക് ഈ മണ്ഡലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ വോടുകൂടിയാണിത്. രാഹുൽ എഫക്ട് ഏശിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തൃശൂരിലെ ഫലവും മറിച്ചാകുമായിരുന്നു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ച തിരഞ്ഞെടുപ്പായതിനാൽ യു.ഡി.എഫിന്റെ 19 സ്ഥാനാർത്ഥികൾക്കും മികച്ച ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.

ഇത്തവണ ‘ആ’ ആനുകൂല്യം തൃശൂരിൽ കോൺഗ്രസ്സിന് ലഭിക്കില്ലന്ന വിശ്വാസത്തിലാണ് ബി.ജെ.പിയും ഇടതുപക്ഷവും മുന്നോട്ടു പോകുന്നത്. ബി.ജെ.പിയെ തുരത്താൻ ന്യൂപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ പ്രചരണ തന്ത്രമാണ് ഇടതുപക്ഷം അണിയറയിൽ ഒരുക്കാൻ പോകുന്നത്. നിയമസഭയിലെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതുൾപ്പെടെ സകലതും എടുത്തിട്ട് പ്രയോഗിക്കാൻ തന്നെയാണ്, ഇടതുപക്ഷത്തിന്റെ തീരുമാനം.

അതേസമയം സുരേഷ് ഗോപി വിജയിച്ചാൽ കാബിനറ്റ് റാങ്കോടെ തൃശൂരിന് ഒരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനമാണ് ബി.ജെ.പി നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്. തിരുവനന്തപുരത്തേക്കാൾ ബി.ജെ.പി വിജയ പ്രതീക്ഷ കാണുന്നതും തൃശൂരിൽ തന്നെയാണ്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

EXPRESS KERALA VIEW

Top