വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപിയോ?

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുമെന്ന തരത്തില്‍ നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തെലുങ്കില്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഫൈറ്ററില്‍ അച്ഛനും മകനുമായി വിജയ് ദേവരകൊണ്ടയും സുരേഷ് ഗോപിയും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. പ്രണയവും സ്‌പോര്‍ട്‌സും പ്രമേയമാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സംവിധായകന്‍ പുരി ജഗന്നാഥും ചേര്‍ന്നാണ്. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പേര് ഉയരുന്നതില്‍ വ്യക്തത വരുത്തുകയാണ് നടനുമായി ചേര്‍ന്ന് നല്‍ക്കുന്ന അടുത്ത വൃത്തങ്ങള്‍. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു സിനിമ വരികയാണെങ്കില്‍ അക്കാര്യം അറിയിക്കാമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച മലയാള ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നിലവില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപി ഇനി അഭിനയിക്കുന്ന ചിത്രം. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ഒറ്റക്കൊമ്പനും സംഗീത പകരുന്നത്.

Top