മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതി അറിയിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ് ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണം. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.

Top