ചിത്രത്തിലെ ലുക്ക് വ്യാജം; സത്യാവസ്ഥ പരിശോധിക്കാതെ പ്രചരണങ്ങള്‍ നടത്തരുത്

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് എന്ന അടിക്കുറിപ്പില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം.

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ താരത്തിന്റെ ലുക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും തന്റെ മറ്റൊരു ചിത്രത്തിന്റെ ലുക്ക് ആണിതെന്നും വ്യക്തമാക്കുകയാണ് നടന്‍ സുരേഷ് ഗോപി. താരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്.

സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ ലുക്കിലുള്ള എന്റെ ചിത്രത്തിന് അനൗണ്‍സ് ചെയ്തതോ ചിത്രീകരിച്ചിരുന്നതോ ആയ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല. തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആരാധകരോടും മീഡിയയോടും അപേക്ഷിക്കുകയാണ്. സത്യാവസ്ഥ പരിശോധിക്കാതെ വ്യജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. മാത്യു തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250ാമത്തെ ചിത്രത്തിന്റെയും രാഹുലുമായി ചേര്‍ന്നുള്ള ചിത്രത്തിന്റെയും ഫോട്ടോഷൂട്ടുകള്‍ അവസാനിക്കും വരെയേ ഈ ലുക്കില്‍ തുടരുകയുള്ളൂ. അതിനു ശേഷം കാവലിനു വേണ്ടി ഷേവ് ചെയ്ത ലുക്കിലേക്ക് മാറും. ഏവരും സുരക്ഷിതരായിരിക്കൂ.

കഴിഞ്ഞ ദിവസം റിലീസായ കായങ്കള്‍ നൂറ് എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് സുരേഷ്‌ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കടുവയിലെ ലുക്കാണിതെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് സുരേഷ്‌ഗോപി വേഷമിടുന്നത്.

Top