മോഹന്‍ലാലിന് ആശംസയുമായി സുരേഷ് ഗോപി

മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രമാണ് ബറോസ്. ഇന്നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ എത്തി.

അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലുടെ മോഹന്‍ലാലിന് ആശംസകളേകി. അത്തരത്തില്‍ സുരേഷ് ഗോപി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും, പാടാന്‍ കഴിയും, ശരീരം നന്നായി ചലിപ്പിക്കാന്‍ സാധിക്കും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍, ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്.

ഈ അതിശയകരമായ തുടക്കത്തില്‍, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ സ്‌നേഹം,” എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

 

Top