സിഎഎ നിയമം നടപ്പിലാക്കില്ലാ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു:സുരേഷ് ഗോപി

ത്യശ്ശൂര്‍ : പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് ബിജെപി നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. നിയമം നടപ്പിലാക്കില്ലാ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ ആവശ്യമാണ്.കേരളത്തില്‍ നടപ്പാക്കുമോയെന്ന് കാത്തിരുന്ന് കാണമെന്നും സുരേഷ് ഗോപി പറഞ്ഞു

പൗരത്വ ഭേദഗതി നിയമം ഇന്നലെയാണ് നിലവില്‍ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം പുറത്തുവന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്.

‘എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിര്‍മാര്‍ജനം ഈ രാജ്യത്തിന്റെ മുഴുവന്‍ ജനതയുടെയും ആവശ്യമാണ്. ആത്യന്തികമായി നടപ്പാകാന്‍ പോകുന്നത് ദാരിദ്ര്യനിര്‍മാര്‍ജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു’ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം ആവേശത്തോടെ സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് സിഎഎ ഉറപ്പായും ഗുണം ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പിനല്ല രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ കൊണ്ടുവരുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.

Top