സുരേഷ് ഗോപി ബിജു മേനോന്‍ ചിത്രം ഗരുഡന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിന്റെ 29-ാം ദിവസമാണ് ഈ വിജയചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.

യു/ എ സര്‍ട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 138 മിനിറ്റ് ആണ്. അഭിരാമി നായികയായ ചിത്രത്തിന്റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയാണ് ബിജു മേനോന്‍ എത്തുന്നത്. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തന്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്‌സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top