ജനങ്ങള്‍ക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ല: സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് വിടണേയെന്ന് തൃശൂരിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച് സുരേഷ് ഗോപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മ വിശ്വാസമുണ്ടെന്നും ജയിപ്പിച്ചു വിട്ടാല്‍ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും എല്ലാം ചെയ്തുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍, അനില്‍ ആന്റണി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്.ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ഒരു മാസത്തിനിടെ രണ്ടു തവണ പ്രധാനമന്ത്രി തൃശൂര്‍ സന്ദര്‍ശിച്ചതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു.

Top