സുരേഷ് ഗോപിയുടെ 250-ാം ചിത്രം; വൈറലായ ലുക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ടോമിച്ചന്‍

മാസ് ലുക്കിലുള്ള നടന്‍ സുരേഷ് ഗോപിയുടെ ചിത്രം കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ 250ാം ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണിതെന്ന് വ്യക്തമാക്കി സുരേഷ് ഗോപിയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി മാസ് ഗെറ്റപ്പിലെത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ 250ാംമത് ചിത്രത്തിനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവാനാണ്. മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരേപോലെ ഇഷ്ടമാകും. മുളകുപാടം ഫിലിംസിന്റെ അടുത്ത ചിത്രം ഇതാണ്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ സിനിമയിലുണ്ടാകും’, ടോമിച്ചന്‍ മുളകുപാടം കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്. ചിത്രത്തിലെ മേജര്‍ ഉണ്ണികൃഷ്ണനെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Top