മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ സംഭവം; അംഗീകരിക്കുന്നുവെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ ടിക്കാറം മീണയുടെ നടപടി അംഗീകരിക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍, സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉത്ഘാടനം ഗംഭീരമായി തന്നെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയ്ക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ന് വൈകിട്ടാണ് പരിപാടി നടക്കേണ്ടത്. സംസ്ഥാനത്ത് 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനാണ് തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്.

വോട്ടെടുപ്പ് കഴിഞ്ഞെന്നാലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടത്താന്‍ സാധിക്കില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Top