രാഹുല്‍ ഗാന്ധിക്കു തിരിച്ചടി; മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കോടതി

സൂറത്ത്:മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു ഗുജറാത്ത് കോടതി. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരുകാർക്ക് എതിരായ രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ ഹർജിയിലാണ് വിധി.

വിധി പറയുന്നതിനു മുമ്പായി രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂർ, അമിത, ചാവ്ഡ, അർജുൻ മോദ്‌വാഡിയ എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

കർണാടകയിലെ കോലാറിൽ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഈ പരാമർശം മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി.

കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെർമ വാദം കേൾക്കൽ പൂർത്തിയാക്കിയത്. 2021 ഒക്ടോബറിൽ കോടതിയിൽ ഹാജരായ രാഹുൽ, പ്രസ്താവനയിൽ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രാഹുൽ നടത്തിയ പ്രസംഗത്തിന്റെ സിഡിയും പെൻെ്രെഡവും തെളിവായി ഉണ്ടന്നും അദ്ദേഹത്തിന്റെ വാക്കുകൾ മൊത്തം മോദി സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്നും പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചു. സിആർപിസി 202ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികൾ പാലിക്കാത്തതിനാൽ കോടതി നടപടിയിൽ തുടക്കം മുതൽ പിഴവുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചു.

Top