സുരാജ് വെഞ്ഞാറമൂടിന്റെ ‘മദനോത്സവം’; ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥ. ‘മദനോത്സവം’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

‘കാണാദൂരത്താണോ’ എന്ന ഒരു ഗാനമാണ് ഏപ്രില്‍ 14ന് വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ‘മദനോത്സവ’ത്തിലേതായി പുറത്തുവിട്ടത്. ‘മദനൻ’ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്‍ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‍തമായിരിക്കും ഈ കഥാപാത്രം.

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്‍ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെഹ്‍നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍ ആണ്. കൃപേഷ് അയ്യപ്പന്‍കുട്ടിയാണ് കലാ സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, നന്ദു ഗോപാലകൃഷ്‍ണന്‍ സ്റ്റില്‍സ്, ഡിസൈന്‍ അരപ്പിരി വരയന്‍.

Top