സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘ആഭാസം’; റിലീസ് വൈകുന്നു

സുരാജിന്റെ’ആഭാസം’നാളെ തിയ്യേറ്ററുകളിലെത്തില്ല. ചിത്രത്തിന്റെ റിലീസ് എപ്രില്‍ 27നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന നിമിഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയ്യതി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന് കൂടുതല്‍ തിയ്യേറ്ററുകള്‍ ലഭിക്കാത്തതു കാരണമാണ് റിലീസ് മാറ്റിവെക്കാന്‍ കാരണം.

റിലീസ് മാറ്റിയ ആഭാസം മെയ് നാലിനാണ് തിയ്യേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സംവിധായകന്‍ ജുബിത്ത് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട ചിത്രമായിരുന്നു ആഭാസം. തിരുവനന്തപുരത്ത് നടന്ന ചിത്രത്തിന്റെ സെന്‍സറിംഗില്‍ എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്.ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് ചിത്രമാണെന്നും ചില സംഭാഷണങ്ങള്‍ക്ക് ബീപ്പ് ശബ്ദം നല്‍കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സെക്‌സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നു ചോദിച്ച അണിയറപ്രവര്‍ത്തകര്‍ പിന്നീട് നിയമപോരാട്ടത്തിലൂടെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തിരുന്നു. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ,ശീതള്‍ ശ്യാം,സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഊരാളി ബാന്‍ഡ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രസന്ന എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷാജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി സംഗീതം പകരുന്നു. ചാര്‍ളി, അങ്കമാലി ഡയറീസ് വില്ലന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാം മനോഹര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനു നായര്‍, കല സുനില്‍ ലാവണ്യ, മേക്കപ്പ് ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം രമ്യ സുരേഷ്, പരസ്യകല–പവിശങ്കര്‍, പശ്ചാത്തല സംഗീതം ദേവ്.

Top