എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..! സുരാജിനെയും ഫൈനല്‍സിനെയും പ്രശംസിച്ച് രഞ്ജിത്ത് ശങ്കര്‍

സൈക്ലിങ് താരമായി രജിഷ വിജയന്‍ എത്തിയ പുതിയ ചിത്രമാണ് ഫൈനല്‍സ്. മികച്ച പ്രേക്ഷക
പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ചിത്രം മലയാളത്തിലെ തന്നെ മികച്ച സ്പോര്‍ട്സ് ചിത്രങ്ങളില്‍ ഒന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വര്‍ഗീസ് എന്നും അദ്ദേഹം ഒരു മികച്ച നടനാണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടാമാണെന്നും പ്രേഷകരോട് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

“ഫൈനല്‍സ് സിനിമയില്‍ രണ്ട് രംഗങ്ങളുണ്ട്. ഒന്ന്- ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു നില്‍ക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമൂട് വലിയൊരു തിരിച്ചറിവ് നേടുന്നത്. ഒരാളെ കൊല ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പ്രധാന കാര്യം കണ്ടെത്തുന്നു. ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍… സുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വര്‍ഗീസ്… എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..!

അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം..മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്പോര്‍ട്സ് സിനിമയാണ് ഫൈനല്‍സ്..” അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ വേഷമിട്ടിരിക്കുന്നത്. ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നിരഞ്ജ് ആണ് നായകന്‍. ജീവാംശമായ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.’ഫൈനല്‍സി’നായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് എം.ഡി രാജേന്ദ്രനാണ്.

Top