ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സൂരജ് പാല്‍ അമു രാജിവെച്ചു

suraj pal amu

ചണ്ഡിഗഡ്: പത്മാവദ് ചിത്രത്തിനും സഞ്ജയ് ലീല ബന്‍സാലിക്കുമെതിരെ വിവാദ പ്രസ്താവനകള്‍ നടത്തുകയും ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് സൂരജ് പാല്‍ അമു പാര്‍ട്ടിയുടെ പ്രാഥമിക നേതൃത്വത്തില്‍നിന്ന് രാജിവെച്ചു.

കര്‍ണിസേനയുടെ ദേശീയ സെക്രട്ടറി കൂടിയാണ് സൂരജ് പാല്‍. പത്മാവദിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലായിരുന്ന സൂരജ് പാല്‍ അമുവിന് ജില്ലാ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു.

ജനുവരി 26നാണ് പൊലീസ് അമുവിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച സൂരജ് പാല്‍ അമുവിനെ റോത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് രാജിവെച്ചതായി പ്രഖ്യാപിച്ചത്.

Top