ആരോടും പരാതി പറഞ്ഞിട്ടില്ല ;രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന് സുരഭി

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി.

സമാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ ഫുജൈറയില്‍ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഒഴിവാക്കുന്നതെന്നും സുരഭി വ്യക്തമാക്കി.

അതിനു മുന്‍പ് ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഉറപ്പായും പരിപാടിക്ക് എത്തിയേനെയെന്നും സുരഭി പറഞ്ഞു.

മേളയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സമയത്ത് ഒരു മാധ്യമസുഹൃത്ത് വിളിച്ചിരുന്നു. സുരഭി ചലച്ചിത്ര മേളയ്ക്ക് വരുന്നുണ്ടോ എന്നു ചോദിച്ചു. അവസാന നിമിഷം വരെ ടിക്കറ്റിനായി ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്ന് അവരോട് പറഞ്ഞു. മാത്രമല്ല, ടിക്കറ്റ് കിട്ടുമോയെന്നറിയാന്‍ മണിയന്‍പിള്ള രാജുച്ചേട്ടനെ വിളിച്ചപ്പോള്‍ കമല്‍ സാറിനെ വിളിച്ചുനോക്കാന്‍ പറ!ഞ്ഞു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ പാസ് ലഭ്യമാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട വിഭാഗത്തില്‍നിന്ന് വിളിക്കുമെന്നും മറുപടി നല്‍കി. പക്ഷേ, ആ വിളിയൊന്നും ഉണ്ടായില്ലെന്നത് സത്യമാണ്.

സംസ്ഥാന പുരസ്‌കാര ജേതാവായ രജീഷ വിജയനുള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടെന്നും സുരഭിയെ വേദിയില്‍ കണ്ടില്ലല്ലോയെന്നും വിളിച്ച മാധ്യമസുഹൃത്ത് ചോദിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ സദസില്‍ പോയിരിക്കാന്‍ നമുക്ക് ആരുടെയും അനുവാദം വേണ്ട. പക്ഷേ ആ വേദിയില്‍ പോയിരിക്കാന്‍ ക്ഷണം വേണമല്ലോ. ക്ഷണിച്ചില്ലേ എന്ന് അവര്‍ എടുത്തുചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അതാണ് സംഭവിച്ചതെന്നും സുരഭി വ്യക്തമാക്കി. എല്ലാ തവണവും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങള്‍ പതിവാണെന്നും ഇത്തവണയത് തന്റെ പേരിലായി എന്നു മാത്രമേയുള്ളൂവെന്നും സുരഭി ചൂണ്ടിക്കാട്ടി.

രാജ്യാന്തര മേളകളിലും മറ്റും അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടിലുള്ള മേളകളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്.

ഐ.എഫ്.എഫ്.കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് ‘മിന്നാമിനുങ്ങ്’ മറ്റൊരു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.

Top