35 എ അനുഛേദം;ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കുട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഭരണഘടനയുടെ 35 എ അനുഛേദം പ്രകാരം ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. മൂന്നംഗ ബെഞ്ച് ഇക്കാര്യം ഓഗസ്റ്റ് അവസാനവാരം പരിശോധിക്കും.

സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു. ഭരണഘടനായുടെ 35 എ അനുഛേദം പ്രകാരം ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നാണ് സുപ്രീം കോടതി പരിഗണിച്ചത്.

അറുപത് വര്‍ഷത്തിന് ശേഷമാണ് ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണോ അനുച്ഛേദം എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം കാശ്മീരിന്റെ പ്രത്യേക പദവിയെ ചൊല്ലി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. സാദിബല്‍, കര്‍ഫലി മൊഹല്ല, റെയ്‌നാവരി എന്നീ സ്ഥങ്ങളിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തിന് വഴിവെച്ചു.

കാശ്മീരിലെ സ്ഥിര താമസക്കാരെ നിര്‍വചിക്കുകയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകശ്മീരില്‍ വസ്തുക്കള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് 35 എ അനുച്ഛേദം. 35 എ അനുച്ഛേദം ഭരണഘടനയുടെ ഭാഗമാക്കിയത് 1954 ല്‍ രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്.

ഈ നിയമം കാരണം 1947 ല്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിയും മറ്റും വാങ്ങാന്‍ കഴിയുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍എസ്എസ് അനുഭാവ സന്നദ്ധ സംഘടന വീദി സിറ്റിസനാണ് ഇത് തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഒക്ടോബറിന് ശേഷം ഹര്‍ജി പരിഗണിക്കണമെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top