സുപ്രീം കോടതി പ്രതിസന്ധി പരിഹാരമാകാതെ തുടരുന്നു, ജഡ്ജിമാരുമായി ചര്‍ച്ച തുടരും

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കം പരിഹാരമാകാതെ തുടരുന്നു. പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാര്‍ക്ക് പിന്തുണയുമായി സുപ്രിംകോടതി ബാര്‍ അസോസിയഷന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരുമായി ചര്‍ച്ച നടത്താന്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അവധിയായതിനാല്‍ ചര്‍ച്ച നടന്നില്ല. അസുഖത്തെ തുടര്‍ന്നാണ് അവധി എടുത്തത് എന്നാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിശദീകരണം.ഇതിനിടെ രഞ്ജന്‍ ഗഗോയ്, മഥന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും ചീഫ് ജസ്റ്റിസും ഉച്ചഭക്ഷണ വേളയില്‍ ഒന്നിച്ച് പങ്കെടുത്തു.

പിന്നീട് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചെലമേശ്വറിനെ വസതിയില്‍ സന്ദര്‍ശിച്ചു. ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറാമെന്ന് അറിയിച്ചതോടെ പ്രശ്ന പരിഹാര സാധ്യത വര്‍ധിച്ചിട്ടുണ്ട്. ലോയ കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ചിന് വിടണമെന്നായിരുന്നു പ്രതിഷേധിച്ച ജഡ്ജിമാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.

അതേസമയം സുപ്രിംകോടതിയിലെ കേസുകള്‍ ഏല്‍പ്പിക്കുന്നത് സുതാര്യമാക്കണം ഉള്‍പ്പെടെയുള്ള 15 ഇന നിര്‍ദ്ദേശങ്ങളുമായാണ് എസ്സിബിഎ പ്രസിഡന്റ് വികാസ് സിങ്, വൈസ് പ്രസിഡന്റ് സുകുമാര്‍ പട്ജോഷി, ജനറല്‍ സെക്രട്ടറി വിക്രാന്ത് യാദവ് എന്നിവര്‍ ചീഫ് ജസ്റ്റിസിന് നിവേദനം കൈമാറിയത്. കേസുകള്‍ ഏത് ജഡ്ജിമാരാണ് കേള്‍ക്കുന്നതെന്ന വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ രീതിയില്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Top