സിഎഎ പ്രതിഷേധക്കാരുടെ ചിത്രമുള്ള ബോര്‍ഡ് നീക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചിത്രങ്ങള്‍ പതിച്ച ബോര്‍ഡ് തൂക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരമെന്നും, നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു.ലളിത്, അനിരുദ്ധബോസ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഹര്‍ജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.

നിയമപരമായ അധികാരമില്ലാതെ സംസ്ഥാനം ചെയ്ത ഈ പ്രവൃത്തി ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച്ച ബോര്‍ഡുകള്‍ നീക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്‌നൗവില്‍ നടന്ന പ്രക്ഷോഭത്തിലെ പ്രതികള്‍ എന്ന് ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിനാണ് ഉത്തര്‍പ്രദേശ് പൊലീസ് ലക്‌നൗവിലെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.രാഷ്ട്രീക്കാരനും സാമൂഹികപ്രവര്‍ത്തകനുമായ സദഫ് ജാഫര്‍, മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ദാരാപുരി എന്നിവരുടെ പേരുകളടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു.

Top