ശബരിമല സ്ത്രീപ്രവേശം; ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് കോടതിയില്‍

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചുള്ള കോടതിവിധി നിലനില്‍ക്കുന്നതാണെന്ന് ബിന്ദു അമ്മിണി അപേക്ഷയില്‍ വാദിച്ചിരുന്നു. വിധി നിലനില്‍ക്കുന്നതാണോ അതോ സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വന്നേക്കും.

ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ‌ശബരിമല ആചാര സംരക്ഷണ സമിതി നല്‍കിയ തടസഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

Top