supreme court’s comment against BCCI

BCCI

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ബി.സി.സി.ഐ ഒന്നും ചെയ്തിട്ടില്ലെന്നും, ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള ബി.സി.സി.ഐയുടെ ഫണ്ട് വിതരണം ക്രമക്കേടുകള്‍ നിറഞ്ഞതാണെന്നും സുപ്രീംകോടതി. 2013 ഐ.പി.എല്‍ അഴിമതി അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ പരിശോധിച്ച സുപ്രീംകോടതി 11 സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും ബി.സി.സി.ഐ നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. സംസ്ഥാനങ്ങള്‍ക്കുള്ള ബി.സി.സി.ഐ.യുടെ ഫണ്ട് വിതരണം യുക്തി രഹിതമാണെന്നും ഇക്കാര്യത്തില്‍ സുതാര്യതയില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ബി.സി.സി.ഐ.യുടെ സാമ്പത്തിക വിതരണം കൂടുതല്‍ നീതി പൂര്‍വ്വമാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഈ പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ യാചിക്കേണ്ടി വരുന്നതെന്നും, പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ ബി.സി.സി.ഐ പണം അനുവദിക്കുന്നതെന്നും ചോദിച്ചു. അടുത്ത ആളുകള്‍ക്ക് കണക്കിലാതെ ഫണ്ട് അനുവദിക്കുക വഴി അവരെ അഴിമതിക്കാരാക്കുകയാണ് ബി.സി.സി.ഐ ചെയ്യുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ ലോധാ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കരുതെന്ന വാദം അവസാനിപ്പിക്കണമെന്നും ബി.സി.സി.ഐ.യുടെ അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു.

Top