തെരഞ്ഞെടുപ്പ് ചൂടിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് റഫാല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഈ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചു. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന ഡിസംബര്‍ 14 ലെ വിധി പുനപരിശോധിക്കരുത്. മാധ്യമ വാര്‍ത്തകളും മോഷ്ടിക്കപ്പെട്ട അപൂര്‍ണ്ണ രേഖകളുമാണ് ഇപ്പോള്‍ കോടതി മുന്‍പാകെ ഉള്ളത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ രഹസ്യ ഫയല്‍ കുറിപ്പുകള്‍ അന്തിമ തീരുമാനം ആയിരുന്നില്ലെന്ന് സത്യവാങ്മുലത്തില്‍ പറയുന്നു.

എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചതാണന്നും യു.പി.എ കാലത്തെ കരാറിനെ അപേക്ഷിച്ച് ഇപ്പോള്‍ വിമാന വില 2.86 ശതമാനം കുറവാണ് എന്നും സര്‍ക്കാര്‍ വാദിക്കുന്നു. റഫാല്‍ വിധിയിലെ പിഴവ് തിരുത്തണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപേക്ഷയും ഇന്ന് സുപ്രീം കോടതിയുടെ മുന്നിലുണ്ട്.

Top