ബിജെപിയ്ക്ക് തിരിച്ചടി;നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്. പ്രോടേം സ്പീക്കറാകം വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്താനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

14 ദിവസമാണ് ഗവര്‍ണര്‍ അനുവദിച്ചതെന്നാണ് ഫഡ്‌നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരായ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാടാണ് മാതൃകയെങ്കില്‍ ഫഡ്‌നാവിസ് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നു സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടാവാം. കര്‍ണാടകയില്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍ , കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. കോടതി നേരത്തെ പലപ്പോഴും സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി.

ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയ ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടാനുള്ള സാധ്യത വിരളമാണ്. അത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണ്. ഫഡ്‌നാവിസിനു ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 30 വരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്. എന്നാല്‍, 14 ദിവസമെന്ന് ഫഡ്‌നാവിസിനു വേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി പറഞ്ഞു. എന്നാല്‍ സമയപരിധി പരസ്യമാക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ഇതുവരെ തയാറായിട്ടുമില്ല.

24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് 170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും അതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.

അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എന്‍.സി.പി.യുടെ 54 അംഗങ്ങള്‍ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നവിസ് കത്തുനല്‍കിയത്. ബി.ജെ.പി.യുടെ 105 അംഗങ്ങള്‍കൂടി ചേരുമ്പോള്‍ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവര്‍ണര്‍ സര്ക്കാരുണ്ടാക്കാന് ഫഡ്‌നവിസിനെ ക്ഷണിച്ചത്.

54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നവിസ് ഗവര്‍ണര്‍ മുമ്പാകെ അവകാശപ്പെട്ടത്. എന്നാല്‍ എന്‍.സി.പി. അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാന്‍ നല്‍കിയതാണോ അതോ ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നല്‍കിയതാണോയെന്ന വ്യക്തമായ ഉത്തരം ഇന്നലെ കോടതിക്കു ലഭിച്ചിട്ടില്ല.

ഹര്‍ജി അവധി ദിനമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടന്‍ വിശ്വാസവേട്ടെടുപ്പ് എന്ന അവരുടെയാവശ്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ ഇരുപക്ഷത്തിന്റേയും വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Top