ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഹര്‍ജികള്‍.

ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 15 ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൌള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഈ ബഞ്ച് പരിഗണിക്കും.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, എം.എല്‍ ശര്‍മ, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരും ഹര്‍ജിക്കാരാണ്.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്.

Top