ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ കേസുകള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലും കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് കശ്മീര്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങള്‍.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രാഷ്ട്രപതിയുടെ വിജ്ഞാപനവും ഭരണഘടനാവിരുദ്ധമാണ്. വിജ്ഞാപനം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കശ്മീരില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നുവെന്നും കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

താഴ് വരയില്‍ മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നെങ്കിലും ഉത്തരവിറക്കാന്‍ തയ്യാറായിരുന്നില്ല. നിയന്ത്രണങ്ങള്‍ നീക്കി കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിക്കണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിലപാട്.

Top