അഭിപ്രായ വ്യത്യാസം രൂക്ഷം; ചീഫ് സെക്രട്ടറി ടോംജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന നയപരമായ തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടതിന് പിന്നാലെ ഗവര്‍ണറുമായി ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച്ച നടത്തി. രാജ്ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം. സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ചട്ടപ്രകാരം ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ആരിഫ് മുഹമ്മദ്ഖാന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ മാത്രമല്ല തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ 20 ദിവസമായിട്ടും ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയും ചെയ്തു.

Top