അയോധ്യ ഭൂമിതര്‍ക്ക കേസ് ; വാദങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികള്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി : അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വാദങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികള്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. 40 ദിവസം തുടര്‍ച്ചയായിവാദം കേട്ട ശേഷമാണ് സുപ്രിം കോടതി വാദങ്ങള്‍ എഴുതി നല്‍കാന്‍ മൂന്ന് ദിവസം നല്‍കിയത്.

പുനഃപരിശോധന ഹര്‍ജി പരിഗണിക്കാനുള്ള സമയം കൂടി കണക്കാക്കി ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.

കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെയാണ് മധ്യസ്ഥ സമിതി കോടതിക്ക് പ്രശ്‌നപരിഹാര ഫോര്‍മുല സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. ഇന്നലെ ചേംബറില്‍ ചേര്‍ന്ന ഭരണഘടന ബഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാമെന്ന് കാണിച്ച് യു.പി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹ്മദ് ഫാറൂഖി കോടതിക്ക് അപേക്ഷയും നല്‍കിയിരുന്നു.

ആരാധനാലയങ്ങളുടെ തല്‍സ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുക, മറ്റെവിടെയെങ്കിലും പള്ളി നിര്‍മിക്കാന്‍ ബോര്‍ഡിനെ അനുവദിക്കുക, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന് കീഴിലെ തിരഞ്ഞെടുത്ത പള്ളികളിലെ പ്രാര്‍ഥന സ്വാതന്ത്ര്യം, കേന്ദ്രസര്‍ക്കാര്‍ ചിലവില്‍ അയോധ്യയിലെ പള്ളികളുടെ നവീകരണം എന്നിവയാണ് പ്രശ്‌ന പരിഹാര ഫോര്‍മൂലയിലെ നിബന്ധനകള്‍.

Top