‘കുറ്റവാളികൾക്ക്‌ 
സവിശേഷ പരിഗണന’; ബിൽക്കിസ്‌ ബാനു കേസില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി : ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ജയിലിൽ നിന്ന്‌ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ നടപടിയിൽ കൂടുതൽ ശക്തമായ ചോദ്യങ്ങളുമായി സുപ്രീംകോടതി. ചില പ്രതികൾക്ക്‌ മാത്രം സവിശേഷ പരിഗണന നൽകുന്നുണ്ടോയെന്ന്‌ ജസ്‌റ്റിസ്‌ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച്‌ ചോദിച്ചു.

ബിൽക്കിസ്‌ ബാനു പ്രതികൾക്ക്‌ ഇത്തരത്തിൽ സവിശേഷ പരിഗണന ലഭിച്ചോയെന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചില കുറ്റവാളികൾക്ക് മറ്റുള്ളവരേക്കാൾ സവിശേഷ പദവിയുണ്ടോയെന്ന്‌ പ്രതികൾക്കായി ഹാജരായ സിദ്ധാർത്ഥ് ലൂത്രയോട്‌ കോടതി ചോദിച്ചു.

കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതാണെന്നും അതിനാൽ കുറ്റകൃത്യത്തിന്റെ സ്വാഭാവവും തെളിവും പരിഗണിക്കേണ്ടതില്ലെന്നും വിട്ടയക്കാൻ സർക്കാരിന്‌ അധികാരമുണ്ടെന്നുമായിരുന്നു ലൂത്രയുടെ വാദം. പ്രതികൾക്ക്‌ ജയിൽമോചനം നൽകിയത്‌ നിയമപരമായാണോ എന്നതാണ്‌ ചോദ്യമെന്ന്‌ കോടതി നിരീക്ഷിച്ചു. 20ന്‌ വാദം തുടരും.

Top