മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കില്ല,​ 13-ാം തീയതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കില്ല. കേസ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായിരുന്നു കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതിയിൽ തമിഴ്‌നാടിന് ആയുധമാകുമെന്ന് ആശങ്കയുണ്ട്.

അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു.

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് മരംമുറിക്കാൻ അനുമതി നൽകിയ വിവരം പുറത്തറിഞ്ഞത്.

Top